കൊച്ചി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു സാധ്യമാകുന്ന എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പി. രാജീവ്.
ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വേമ്പനാട് ടൈല്‍ അഡ്ഹസീവ്, വേമ്പനാട് എല്‍സി3 വൈറ്റ് സിമന്റ് എന്നീ ഉത്പന്നങ്ങള്‍ പുറത്തിറക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ആദ്യമായി എല്‍സി3 വൈറ്റ് സിമന്റ് ഉത്പാദിപ്പിക്കുന്നത് കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനമാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇതിന്റെ നിര്‍മാണത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വളരെ കുറവാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതി സൗഹാര്‍ദ ഉത്പന്നംകൂടിയാണിത്.
മറ്റൊരു പൊതുമേഖലാസ്ഥാപനമായ കെപിപിഎല്ലില്‍നിന്നുള്ള ഉപയോഗശൂന്യമായ സ്ലഡ്ജും ഇതിന്റെ ഉത്പാദനത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ കാലഘട്ടത്തില്‍ വിപണിയില്‍ ഏറെ ആവശ്യമുള്ള ഉത്പന്നമാണ് ടൈല്‍ അഡ്ഹസീവ് എന്നും മന്ത്രി പറഞ്ഞു.
കളമശേരിയില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ( ഇന്‍ഡസ്ട്രീസ്) എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് ചെയര്മാന് സണ്ണി തെക്കേടം, ബിപിടി എക്സിക്യൂട്ടീവ് ചെയര്മാന് കെ. അജിത് കുമാര്‍, ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജി. രാജശേഖരന്‍പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യോഹന്നാന് ചാക്കോ, എ. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.